കരിപ്പുറം തമ്പുരാൻ - അയനിയൂട്ട് തമ്പുരാൻ
കരിപ്പുറം തമ്പുരാൻ ക്ഷേത്രത്തിന്റെ ചരിത്രം കുറച്ചു കാലങ്ങളായി അന്വേഷിച്ചു നടന്നതാണ്. പ്രാദേശികമായി വിശ്വാസങ്ങൾക്കപ്പുറം തെക്കൻ തിരുവിതാംകൂറിലെ എല്ലാ തമ്പുരാൻ ക്ഷേത്രങ്ങൾക്കും പിന്നിൽ ഒരു ചരിത്രമുണ്ട്. അവയൊക്കെ വീരാരാധന കൊണ്ടുണ്ടായ ചരിത്ര സ്മാരകങ്ങൾ കൂടിയാണ്. മഹാന്മാരായ രാജാക്കന്മാരുടേയോ വീരയോദ്ധാക്കളുടേയോ സ്മാരകങ്ങളെന്നതാണ് പല തമ്പുരാൻ ക്ഷേത്രങ്ങളുടെയും പിന്നിലുള്ള ചരിത്രം. കൂടുതലായി കാണുന്ന തമ്പുരാൻ ക്ഷേത്രങ്ങൾ ഉലകുടെയ പെരുമാൾ തമ്പുരാന്റേതും അയനിയൂട്ട് തമ്പുരാന്റേതുമാണ്.
കന്യാകുമാരി ജില്ലയിലെ വിളവങ്കോട്( ഇപ്പോൾ കിള്ളിയൂർ താലൂക്ക്) താലൂക്കിലുൾപ്പെട്ട ഏഴുദേശം പഞ്ചായത്തിലെ കലിംഗരാജപുരത്താണ് കരിപ്പുറം തമ്പുരാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്നാണ് പ്രസിദ്ധമായ കോതേശ്വരം മഹാദേവ ക്ഷേത്രം നിലകൊള്ളുന്നത്. 2500 ലധികം വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ടതാണ് കോതേശ്വരം മഹാദേവ ക്ഷേത്രം എന്ന് വിശ്വസിക്കുന്നു. പിന്നീട് കടൽ ക്ഷോഭം കാരണം ഈ ക്ഷേത്രം മണ്ണിനടിയിലായി. പൂച്ചെടികൾ വെട്ടി മാറ്റുന്നതിനിടയിൽ 1923 ലാണ് ക്ഷേത്രഗോപുരം ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ശ്രീ. ബാലദണ്ഡായുധപാണി സ്വാമികളുടെ നേതൃത്വത്തിൽ നാട്ടുകാർ മണ്ണുമാറ്റുകയും ആരാധന നടത്തുകയും ചെയ്തു. നന്തി, നാഗർ എന്നീ ഉപദേവത ക്ഷേത്രങ്ങളും കുഴിച്ചെടുക്കപ്പെട്ടു. 1995 ലാണ് ക്ഷേത്രക്കിണർ കണ്ടെത്തിയത്. കൊതിച്ചൻ പിള്ള സ്വാമികളാൽ പ്രതിഷ്ഠ നടത്തപ്പെട്ടതിനാൽ ഇത് കോതേശ്വരം എന്ന് അറിയപ്പെട്ടു. ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായിട്ടാണ് കരിപ്പുരം തമ്പുരാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രസിദ്ധമായ കൊല്ലങ്കോട് മുടിപ്പുരയുമായും കരിപ്പുറം തമ്പുരാൻ ക്ഷേത്രത്തിന് ബന്ധമുണ്ട്. പ്രാദേശികമായ വിശ്വാസപ്രകാരം നിലനിൽക്കുന്ന കഥ, കൊല്ലങ്കോട് മുടിപ്പുരയിലെ ആദ്യ പൂജാരി എന്നു വിശ്വസിക്കുന്ന മഹി മാർത്താണ്ഡനുമായി ബന്ധപ്പെട്ടതാണ്. വൈക്കല്ലൂർ ഗ്രാമത്തിൽ ഒരു ഗന്ധർവ്വന്റെ വിഹാരം നാട്ടുകാർക്ക് ഭീഷണിയായി. പല വഴികളും നോക്കി പരാജയപ്പെട്ട നാട്ടുകാർ മഹാമാന്ത്രികനും കൊല്ലങ്കോട് മുടിപ്പുരയിലെ പൂജാരിയുമായിരുന്ന മഹി മാർത്താണ്ഡന്റെ സഹായം തേടി. അദ്ദേഹം ഗന്ധർവനെ ബന്ധിക്കുകയും കരിപ്പുറം തമ്പുരാനായി കുടിയിരുത്തുകയും ചെയ്തു എന്നാണ് വിശ്വാസം. മറ്റു മിക്ക തമ്പുരാൻ ക്ഷേത്രങ്ങളിലും കണ്ടു വരുന്നതുപോലെ പീഠവും വാളും തന്നെയാണ് ഇവിടെയും ആരാധിക്കുന്നത്. കൊല്ലങ്കോട് തൂക്ക മഹോത്സവത്തിനു മുന്നോടിയായി കരിപ്പുറം തമ്പുരാൻ ക്ഷേത്രത്തിൽ ഇപ്പോഴും പ്രത്യേക പൂജകൾ ചെയ്തു വരുന്നുണ്ട്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കൊല്ലങ്കോട് കാളിയൂട്ട് മഹോത്സവത്തിന് കരിവട്ടം വയലിൽ നിർമ്മിക്കുന്ന താത്കാലിക മുടിപ്പുരയ്ക്ക് കിഴക്ക് ഭാഗത്തായി കരിപ്പുറം തമ്പുരാനേയും കുടിയിരുത്തി പൂജകൾ ചെയ്യുന്നു. കലിംഗരാജപുരത്തെ കരിപ്പുറം തമ്പുരാൻ ക്ഷേത്രത്തിലും കൊല്ലങ്കോട് ദേവിക്ക് സ്ഥാനം നൽകിയിട്ടുണ്ട്.
ഇതിനോട് ചേർത്തു വായിക്കാവുന്ന ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം തെക്കൻ തിരുവിതാംകൂറിൽ കാണപ്പെടുന്ന നിരവധി അയനിയൂട്ട് തമ്പുരാൻ ക്ഷേത്രങ്ങളിൽ ഒന്നാണ് കരിപ്പുറം തമ്പുരാൻ ക്ഷേത്രം. (വേണാട് ഭരിച്ചിരുന്ന ഇരവിവർമ്മ മഹാരാജാവിനെയാണ് അയനിയൂട്ട് തമ്പുരാനായി ആരാധിച്ച്‌വരുന്നത്.)
ഇതിനടുത്ത ഗ്രാമമായ പൂത്തുറയിലെ ( തൂത്തൂർ പഞ്ചായത്ത്) അയനിയൂട്ട് തമ്പുരാൻ ക്ഷേത്രം ഇപ്പോൾ ഉലകുടെയ പെരുമാൾ തമ്പുരാൻ ക്ഷേത്രമായിട്ടാണ് നിലകൊള്ളുന്നത്. ഏഴുദേശം പഞ്ചായത്ത് പരിധിയിൽ തന്നെ കാഞ്ഞാംപുറത്തും അയനിയൂട്ട് തമ്പുരാന്റെ മറ്റൊരു ക്ഷേത്രം കൂടി നിലവിലുണ്ട്. തമ്പുരാൻ പാട്ടിൽ ഈ പ്രദേശങ്ങളിലെ തമ്പുരാൻ ക്ഷേത്രങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
തമ്പുരാൻ പാട്ടിലെ വരികൾ: തീരദേശം തേരു നീങ്കി നുളയർ നാടു വന്തുകണ്ടാരേ / ഇരയിമ്മർ തുറൈ കണ്ടു പൂത്തുറൈ വന്തു കണ്ടു / അയനിയൂട്ടു തമ്പുരാനൊടൊപ്പം കലച്ചേകര മന്നവരും / അത്തലത്തിൽ കുടികൊണ്ടു വസിച്ചാരേ/ അത്തലവും പുറകെ വിട്ടു കഞ്ചാമ്പുറം കാണിതാരേ / കഞ്ചാമ്പുറം പുറകെ വിട്ടു കലിങ്കരാചപുരം വന്തു കണ്ടാരേ / അവിടമാകെ പുറകെവിട്ടു കോതേച്ചൊരം വന്തു കണ്ടാരേ / അവിടെ മരുവും മകതേവരൈ അടിവണങ്കിനാരേ / അയനിയൂട്ടുമന്നവരും കൂട്ടതേവതമാരും/ കരിപ്പുറത്തു കുടികൊണ്ടു വസിച്ചിതാരേ/ ഊട്ടുപറ്റി പാട്ടുപറ്റി ഊരുകാരെ പരിപാലിച്ചാരേ.....
കരിപ്പുറം തമ്പുരാൻ ക്ഷേത്രത്തെ കുറിച്ച്, ഇവിടെ പങ്കു വച്ച തമ്പുരാൻ പാട്ടിലെ വരികൾ ഉൾപ്പെടെ ചരിത്ര പരമായ അറിവുകൾ പകർന്നു നൽകിയ DrBinu Harichandanam സാറിന് നന്ദി.
- Radhakrishnan KOllmcode